അനാഥ പൌത്രന് സ്വത്തവകാശം നല്‍കുവാന്‍ നിയമം ഇല്ലാത്തതിനാല്‍ അവനെ വഴിയാധാരമാക്കണമെന്നാണോ ഇസ്ലാം വിവക്ഷിക്കുന്നത്? ഈ പ്രശ്നത്തില്‍ ഇസ്ലാമിന്റെ പരിഹാരമെന്താണ്?

അന്തരാവകാശ നിയമങ്ങള്‍ മാത്രമല്ല ഇസ്ലാമിലുള്ളത്; സംരക്ഷണ നിയമങ്ങള്‍ കൂടിയുണ്ട്. ഈ നിയമങ്ങള്‍ രണ്ടും പരസ്പരം ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. അനന്തരാവകാശത്തിന്റെ അടിസ്ഥാനംതന്നെ അന്യോന്യമുള്ള സംരക്ഷണ ബാധ്യതയാണ്. ഒരാളെ അവശതയില്‍ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥനാരോ അയാള്‍ക്കാണ് സാധാരണ ഗതിയില്‍ അനന്തരാവകാശം ഉണ്ടാകുന്നത്. പിതാവിനെ സംരക്ഷിക്കാന്‍ പുത്രന്‍ ബാധ്യസ്ഥനാണ്. പുത്രനെ സംരക്ഷിക്കാന്‍ പിതാവും. മകനുണ്ടെങ്കില്‍ പിതാമഹനെ സംരക്ഷിക്കാന്‍ പൌത്രന്‍ ബാധ്യസ്ഥനല്ല; മകനില്ലെങ്കില്‍ ബാധ്യസ്ഥനാണുതാനും. (ഇതുകൊണ്ടുകൂടിയാണ് അനാഥപൌത്രന് നിയമപരമായി സ്വത്തില്‍ അവകാശമില്ലാത്തത്) പിതാവില്ലാത്ത കുട്ടികളെ സംരക്ഷിക്കേണ്ട ബാധ്യത പിതാമഹനാണുള്ളത്. അനാഥകളെ സംരക്ഷിക്കാതിരിക്കുന്നത് മതനിഷേധമായിട്ടാണ് ഖുര്‍ആന്‍ ഗണിച്ചിരിക്കുന്നത്.
“മതനിഷേധിയെ നീ കണ്ടുവോ? അനാഥകളെ അവഗണിക്കുന്നവനാണവന്‍” (107:1,2).
“അനാഥയെ നീ അടിച്ചമര്‍ത്തരുത്” (93:9).
“മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്മ ചെയ്യണം” (2:83).
അനാഥകളുടെ സമ്പത്ത് അന്യായമായി ഭക്ഷിക്കുന്നത് കൊടുംപാതകമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
“അനാഥകള്‍ക്ക് അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിട്ടുകൊടുക്കുക. നല്ലതിനു പകരം ദുഷിച്ചത് നിങ്ങള്‍ മാറ്റിയെടുക്കരുത്. നിങ്ങളുടെ ധനത്തോട് കൂട്ടിച്ചേര്‍ത്ത് അവരുടെ ധനം നിങ്ങള്‍ തിന്നുകളയുകയുമരുത്. തീര്‍ച്ചയായും അത് ഒരു കൊടുംപാതകമാകുന്നു” (4:2).
“ഏറ്റവും ഉത്തമമായ രൂപത്തിലല്ലാതെ നിങ്ങള്‍ അനാഥരുടെ സ്വത്തിനെ സമീപിച്ചുപോകരുത്. അവന് കാര്യപ്രാപ്തിയെത്തുന്നതുവരെ” (6:152).
അനാഥകളോട് അനാദരവ് കാണിക്കുന്ന യാതൊരുവിധ പ്രവര്‍ത്തനങ്ങളുമുണ്ടാവാന്‍ പാടില്ലെന്നാണ് നബി(സ) പഠിപ്പിച്ചത്. അനാഥകളെ സംരക്ഷിക്കുന്നവന്‍ തന്നോടൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് സുവിശേഷമറിയിച്ച മുഹമ്മദ്(സ) അനാഥയുടെ സ്വത്ത് അന്യായമായി ഭുജിക്കുന്നത് മഹാപാപങ്ങളിലൊന്നാണെന്ന മുന്നറിയിപ്പുകൂടി നല്‍കിയിട്ടുണ്ട്. കുടുംബബന്ധങ്ങളൊന്നുമില്ലാത്ത അനാഥകളെതന്നെ സംരക്ഷിക്കേണ്ടത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്. കുടുംബത്തില്‍പെട്ട അനാഥകളുടെ സ്ഥിതി പിന്നെ പറയേണ്ടതുണ്ടോ? അവരെ സംരക്ഷിക്കേണ്ട ഉത്തരവാദി ത്തം പ്രധാനമായും പിതാമഹനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. പിതാമഹന്‍ മരണപ്പെട്ടാല്‍ പിതൃവ്യനാണ് സംരക്ഷണമേറ്റെടുക്കേണ്ടത്.
അനാഥ പൌത്രനെ സംരക്ഷിക്കുന്നത് പിതാമഹനാണ്. അയാള്‍ക്കാവശ്യമായ എല്ലാം നല്‍കുന്നത് പിതാമഹനാണ്. അദ്ദേഹത്തിനറിയാം, അവ ന്റെ പ്രശ്നങ്ങളും പ്രയാസങ്ങളുമെന്തെല്ലാമാണെന്ന്. തന്റെ മരണശേഷം നിയമപ്രകാരം പൌത്രന് അനന്തരാവകാശമില്ലെന്നും അദ്ദേഹത്തിനറിയാം. അവന്റെ സംരക്ഷണത്തിനുവേണ്ടി തന്റെ സ്വത്തിന്റെ നല്ലൊരു ഭാഗം നീക്കിവെക്കുവാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. ഇത്തരം ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഖുര്‍ആന്‍ ‘വസ്വിയ്യത്ത്’ നിര്‍ബന്ധമാക്കിയിട്ടുള്ളത്.
ചെയ്യുന്ന വ്യക്തിയുടെ മരണത്തോടെ ചെയ്യപ്പെടുന്ന വ്യക്തിക്ക് ഉടമസ്ഥാവകാശം ലഭിക്കുന്ന ദാനമാണ് വസ്വിയ്യത്ത്. വിശുദ്ധ ഖുര്‍ആന്‍ വസ്വിയ്യത്തിന് വളരെയേറെ പ്രാധാന്യം കല്‍പിച്ചിട്ടുണ്ട്.
“നിങ്ങളില്‍ ആര്‍ക്കെങ്കിലും മരണം ആസന്നമാകുമ്പോള്‍ അയാള്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധിതമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രേ അത്” (2:180).
ഏതു സമയത്തും മരണം കടന്നുവരാമെന്നും അത്് പ്രതീക്ഷിച്ചുകൊണ്ട് വസ്വിയ്യത്ത് എഴുതി വെക്കണമെന്നും പ്രവാചകന്‍(സ) നിര്‍ദേശിച്ചതായും കാണാന്‍ കഴിയും (ബുഖാരി, മുസ്ലിം). വസ്വിയ്യത്തിന് ദൈവദൂതന്‍ അതിയായി പ്രോല്‍സാഹിപ്പിച്ചിരുന്നു. അത് ചെയ്യാതിരിക്കുന്നതിന് നിരുല്‍സാഹപ്പെടുത്തുകയും ചെയ്തിരുന്നു (അഹ്മദ്, തുര്‍മുദി, അബൂദാവൂദ്) ഇവയില്‍നിന്ന് വസ്വിയ്യത്തിന് ഇസ്ലാം വളരെയേറെ പ്രാധാന്യം കല്‍പിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കാനാവും.
ആകെ സ്വത്തിന്റെ മൂന്നിലൊന്നില്‍ അധികമാകാത്തവിധം വസ്വിയ്യത്ത് ചെയ്യാന്‍ ഒരാള്‍ക്ക് അവകാശമുണ്ട്. ആര്‍ക്കുവേണ്ടിയാണ് വസ്വിയ്യത്ത്? അനന്തരാവകാശികള്‍ക്കുവേണ്ടി വസ്വിയ്യത്ത് ചെയ്യാവതല്ലെന്നാണ് പ്രവാചകന്‍ (സ) പഠിപ്പിച്ചിരിക്കുന്നത്. “പിന്തുടര്‍ച്ചക്കാരന് വസ്വിയ്യത്തില്ല” (അഹ്മദ്, തിര്‍മുദി).
പിന്നെയാര്‍ക്കുവേണ്ടിയാണ് വസ്വിയ്യത്ത് ചെയ്യേണ്ടത്? അത് തീരുമാനിക്കേണ്ടത് അത് ചെയ്യുന്ന വ്യക്തിയാണ്. പിന്തുടര്‍ച്ചക്കാരല്ലാത്ത അടുത്ത ബന്ധുക്കളെയാണ് ആദ്യമായി പരിഗണിക്കേണ്ടതെന്നാണല്ലോ നടേ ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തം (2.180) വ്യക്തമാക്കുന്നത്. അതില്‍ പ്രധാനമായും ഉള്‍പ്പെടുക അനാഥ പൌത്രന്‍തന്നെയായിരിക്കും. അനാഥരായ പൌത്രന്മാര്‍ക്ക് എത്ര സ്വത്ത് നല്‍കുവാനും പിതാമഹന് അവകാശമുണ്ട്. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍തന്നെ ദാനമായി എത്രവേണമെങ്കിലും നല്‍കാം. ആകെ സ്വത്തിന്റെ മൂന്നിലൊന്നുവരെ വസ്വിയ്യത്തായും നല്‍കാം. അവകാശികള്‍ക്കും നിരാലംബരായി തീരുന്ന ആശ്രിതര്‍ക്കും നീതി നിഷേധിക്കുന്ന തരത്തിലാകരുത് ഇഷ്ടദാനവും വസ്വിയ്യത്തും എന്നു മാത്രമേയുള്ളൂ.
അനാഥ പൌത്രന്റെ കാര്യത്തില്‍ ഇസ്ലാം ചെയ്തിട്ടുള്ളത് ഇതാണ്. അയാളുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം പിതാമഹനെ ഏല്‍പിച്ചു; പിതാമഹന്‍ മരിച്ചാല്‍ പിതൃവ്യനെയും. അയാളുടെ ആവശ്യങ്ങളും അവശതകളും മനസ്സിലാക്കി എത്ര സ്വത്ത് വേണമെങ്കിലും നല്‍കാനുള്ള സ്വാതന്ത്യ്രം പിതാമഹന് നല്‍കി. അയാളെക്കുറിച്ച് മറ്റാരെക്കാളും അറിയുക പിതാമഹനാണല്ലോ. അയാള്‍ക്കുവേണ്ടി – മറ്റു അവശര്‍ക്കും അശരണര്‍ ക്കും വേണ്ടിയും – മൂന്നുലൊന്നുവരെ വസ്വിയ്യത്ത് ചെയ്യുവാനുള്ള അവകാശവും പിതാമഹന് നല്‍കി. പ്രസ്തുത വസ്വിയ്യത്ത് പ്രകാരമുള്ള സ്വത്ത് നീക്കിവെച്ച ശേഷം ബാക്കിയുള്ള സ്വത്തു മാത്രമേ അനന്തരാവകാശികള്‍ ഭാഗിച്ചെടുക്കാന്‍ പാടുള്ളൂവെന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചു.(4:11) അനാഥകള്‍ സ്വത്തിന് അവകാശികളായിത്തീരുമ്പോള്‍ പ്രായപൂര്‍ത്തിയെത്താത്തവരാണെങ്കില്‍ പ്രസ്തുത സ്വത്ത് സംരക്ഷിക്കാന്‍ അടുത്ത ബന്ധുക്കളെ ചുമതലപ്പെടുത്തുകയും അവര്‍ക്ക് കാര്യബോധമെത്തുമ്പോള്‍ കൈമാറണമെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്തു (4:6).
പിതാമഹന്‍ വസ്വിയ്യത്ത് ചെയ്തിട്ടില്ലെങ്കിലും പിതൃവ്യന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ അനാഥരായ പൌത്രനോ പൌത്രന്മാര്‍ക്കോ ന്യായമായ വിഹിതം നല്‍കുന്ന കാര്യം ദായധനം ഭാഗിച്ചെടുക്കുന്ന സമയത്ത് പരിഗണിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ ഗൌരവപൂര്‍വം അനുശാസിച്ചിട്ടുണ്ട് (4:8,9).
നിയമത്തിന് അതിന്റേതായ ഒരു രീതിശാസ്ത്രമുണ്ട്. പ്രസ്തുത രീതിശാ സ്ത്രമനുസരിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. എന്നാല്‍, അതോടൊപ്പംതന്നെ നിയമത്തിന്റെ ഊരാക്കുടുക്കുകളില്ലാതെതന്നെ അനാഥപൌത്രന്റെ പ്രശ്നം പോലുള്ളവ അത് കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ധര്‍മബോധത്തെ ഉത്തേജിപ്പിച്ചുകൊണ്ടാണ് ഇസ്ലാം ഇത് സാധിക്കുന്നത്. ഏറ്റവും പ്രായോഗികമായ മാര്‍ഗവും, ഇത്തരം വിഷയങ്ങളില്‍ അതുതന്നെയാണ്.

This entry was posted in ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും. Bookmark the permalink.